Friday, 25 November 2016

Deepa Ajay

ഒരു ശിശിരത്തിന്റെ ഓർമയിൽ
...........................................................
നിന്നെയും കാത്തിരിപ്പു ഞാനീ
ഇല കൊഴിഞ്ഞ മാമരച്ചില്ലയിൽ.
മഞ്ഞുപുതച്ചുറങ്ങും മനോജ്ഞയാംഭൂമിതൻ,
തനുവിൽത്തുടിയ്ക്കുന്നു ചാറ്റൽ മഴക്കുളിർ .
ഈറൻ കാറ്റിലെൻ തൂവലുകൾ വിറയ്ക്കുന്നു.
കൊതിക്കുന്നുവോ നിൻനെഞ്ചിനിളം ചൂടും.
ദൂരെയെങ്ങോ പോയ് മറഞ്ഞതല്ലേ?
വൈകാതെ,ചാരെയണയുമെന്നോതിയില്ലേ?
മരംകോച്ചുമീ ശിശിരക്കുളിരിലധരങ്ങൾ
ഒരു മൃദുചുംബനം കൊതിക്കുന്നുവോ?
ഇലച്ചാർത്തുകളിൽ നിന്നിറ്റുവീഴും നീർ
ത്തുള്ളിയിൽത്രസിക്കുന്നു മേഘമൽഹാർ.
പൂക്കളൊഴിഞ്ഞ പൂവാകയും മൂടിപ്പുതച്ചുറക്കമായ്.
എൻകനവിൽ കറുക്കുന്നു ശ്യാമമേഘം.
മാടിവിളിക്കുന്നു കുളിരോലും മാമലക്കാടുകൾ.
മൗനത്തിൻ കരിമ്പടംപ്പുതച്ചുറങ്ങുന്നു കോകിലം.
അകലെയങ്ങലസമായ് ഒഴുകുന്ന പുഴയിലെ
കേവുവള്ളവുമിന്നാരെയോ തിരയുന്നു.
പീലിവിടർത്തി നിന്നാടിയ കിനാവുകളിൽ
ഒരുരാത്രിമഴനനഞ്ഞൊരാ,മദനലീലകൾ.
കാത്തിരിപ്പിന്റെയീ ദ്രവിച്ചശിഖരങ്ങളിൽ
ഇന്നൊരു ചിറകടിയൊച്ചതൻ മർമരം മാത്രം.
കൊക്കുരുമ്മിപ്പരസ്പരം പങ്കിട്ടൊരാ
ശിശിരകാലങ്ങളുടെ സ്പന്ദനം മാത്രം.
....................... ദീപാ അജയ്.........................

No comments:

Post a Comment