Thursday, 1 December 2016

Aneesh Ambady UFM

ഒരു ചിരിത്തുണ്ട്
****************
എരിയുമെൻ സങ്കട
കനലണച്ചീടുവാൻ
ഒരു ചിരിത്തുണ്ടു
കടം തന്നീടുമോ
എന്നോ കരിഞ്ഞുണങ്ങി
ചിരികളൊരു ഖരമായി
കണ്ണിലടിഞ്ഞുരുകി
പെയ്തിടുമ്പോൾ,
ഉപ്പുതിർന്നു നീറിയെൻ
കവിൾതടം ചുവക്കുമ്പോൾ
കറ മാറ്റാൻ ഒരു ചിരിത്തുണ്ട്
കടം തന്നീടുമോ
പകൽമായ്ച്ചു സന്ധ്യയും
കൂടണയും കിളികളും
ഒരു വാക്കും പറയാതെ നീയും
പോയിമറഞ്ഞപ്പോൾ
അന്നു നീ നെറുകിൽ
തൊട്ടൊരു കുങ്കുമപ്പൊട്ടിതാ,
എരിഞ്ഞു ചുടുഭസ്മമായ്
അസ്ഥിത്തറയിലമരുന്നു
പൊരുത്തങ്ങൾ ഗണിച്ച
കണിയാനോ പിഴച്ചത്,
അതോ വിധിയെഴുതി
തെറ്റിയ ദൈവത്തിനോ
ശേഷിക്കും ആയുസ്സിൽ
കരഞ്ഞുണങ്ങാതെനിക്കു-
ഇനിയൊരു ചിരിത്തുണ്ട്
കടം തന്നീടുമോ
പള്ളനിറച്ചുണ്ടവർ ശിഷ്ടം
കുപ്പയിൽ വലിച്ചെറിഞ്ഞു
തിരിഞ്ഞും മറിഞ്ഞും
പൂമെത്തയിലുറങ്ങുമ്പോൾ
വിശപ്പിന്റെ തെരുവിൽ
അലറിടും ബാല്യങ്ങളെ
നെഞ്ചോടു ചേർക്കാൻ ഒരു
ചിരിത്തുണ്ട് കടം തന്നീടുമോ
നോമ്പേറ്റി വളർത്തിയൊരു
പൊൻമകളെ ചീന്തിയ
കാമത്തിൻ കുരുക്കളെ
കാലം വെറുതേ വിട്ടില്ലേ
അതുകണ്ടു ദ്രവിച്ചൊരു
അമ്മക്കിനാവിനെ തഴുകാൻ
ഇനിയൊരു ചിരിത്തുണ്ടു
കടം തന്നീടുമോ
ഖദറിട്ടു കൊടി പിടിച്ചിരന്നു
വാങ്ങിയതൊക്കെയും
കാലത്തിന്റെ കിതാബിൽ
മഷിമായ്ച്ചു മറച്ചില്ലേ
പിന്നേയും ചോർന്നൊലിക്കും
ചേന്നന്റെ കുടിലിൽ ഒരു വറ്റു-
തിളപ്പിച്ചുണ്ടുറക്കാൻ ഇനിയൊരു
ചിരിത്തുണ്ട് കടം തന്നീടുമോ
പകൽപോലെ കത്തുന്ന
സത്യങ്ങൾ പലതും
തെളിവില്ലാന്നേറ്റു ചൊല്ലി
ആട്ടിയെറിഞ്ഞീല്ലേ
കാക്കിയും ബൂട്ടണിയും
മൃഗങ്ങളെ കൊണ്ടു
കാടിന്റെ മക്കളുടെ
നെഞ്ചു തകർത്തില്ലേ
ചീവിടിൻ സ്വരം താണ്ടും
ആ കാടുകളെ ഉറക്കീടുവാൻ
ഇനിയൊരു ചിരിത്തുണ്ട്
കടം തന്നീടുമോ
പിന്നേയും ഏരിയുമെൻ
സങ്കട കനലണച്ചീടുവാൻ
ഒരു ചിരിത്തുണ്ടു
കടം തന്നീടുമോ....
-അമ്പാടി-

No comments:

Post a Comment