Friday, 2 December 2016

Venu Naimishika

ഈ കണ്ണിന്റെ ഒരുകാര്യം !
......................................................
കണ്ണിലൊരു കരടുപോയല്ലോയിപ്പോൾ
കണ്ണാകെ ചുവന്നുകലങ്ങിയല്ലോ
കണ്ണിന്റെ വേദന ഞാനറിയുന്നു 
കണ്ണല്ലേ സൂക്ഷിക്കണമെന്നു കണ്ണും !
കണ്ണിലൊരു തടിയുള്ളൊരുത്തൻ പുമാൻ
കണ്ണിലെ കരടുനീക്കാൻ നടത്തുന്നു ശ്രമം വൃഥാ
കണ്ണാകെയൂതിപ്പറപ്പിക്കുന്നുണ്ട് പിന്നെ
കണ്ണിന്റെ പോളകൾ തട്ടിയുണർത്തുന്നുമുണ്ട് !
കണ്ണാലെകണ്ടൊരു യുവകോമളനോ
കണ്ണിന്റെ ചിത്രമെടുത്തു രസിക്കുന്നു
കണ്ണിലെ കൃഷ്ണമണികളെ ത്രസിപ്പിക്കുവാനായി
കണ്ണിലൊരു കുത്തുകൊടുത്തുനോക്കിയവൻ !
കണ്ണിന്റെവേദന ശമിക്കുന്നുമില്ലാ, യെന്റെ
കണ്ണാകെ നീറിപ്പുകയുന്നുമുണ്ട് ചൊവ്വേ
കണ്ണിന്റെ കണ്ണായോരെൻറെ ഭൈമി, തീഷ്ണ-
ക്കണ്ണോടെ നോക്കിയെന്നെ കണ്ണുരുട്ടി !
കണ്ണിലേക്കരടൊരാഗോളപ്രശ്നമായി
കണ്ണിലേക്കരടുമാറ്റാൻ വിദഗ്ധരെയിറക്കിടേണം
കണ്ണിൽക്കരടുവീണതു ദോഷമത്രേ, ചൊൽ-
ക്കണ്ണാളതു ചൊല്ലിയെന്റെ സ്നേഹംപിടിച്ചു !
കണ്ണുരുട്ടി വരുന്നുണ്ട് നേതാക്കന്മാർ, യെന്റെ
കണ്ണുകുത്തിത്തുരക്കാമെന്നു ഭിഷഗ്‌വരന്മാർ
കണ്ണിന്റെ ചിത്രങ്ങൾ നിരത്തീ നവമാധ്യമങ്ങൾ
കണ്ണിനെ ചിത്രവധം ചെയ്തു കൃതാർത്ഥരായി !
കണ്ണൊന്നു കരഞ്ഞു, പിടഞ്ഞൂ പതിവുപോൽ
കണ്ണിലെക്കരടും കണ്ണീരിന്നൊഴിക്കിലൂടെ
കണ്ണെത്താദൂരത്തങ്ങൊഴുകിയൊലിച്ചുപോയ്
കണ്ണിന്റെ കദനം ഞാൻ പാടെമറന്നുപോയ് !
വേണു 'നൈമിഷിക'

No comments:

Post a Comment