Wednesday, 7 December 2016

Venu Naimishika


നിന്റെ നഷ്ടങ്ങൾ..
...........................................
നിനക്കെന്തു നഷ്ടമായീ കുഞ്ഞേ..
നിനക്കെന്തു നഷ്ടമായീ.. ?
കുഞ്ഞേ നിനക്ക് പ്രായം നഷ്ടമായി, നിന്റെ
കുട്ടിക്കാലം നഷ്ടമായീ..
പുൽനാമ്പുകൾ നഷ്ടം,
പുൽമേടുകൾ നഷ്ടം..
ഉദയ സൂര്യൻ നഷ്ടം..
ഉദിച്ച ചന്ദ്രനും നഷ്ടം..
പാടവരമ്പ് നഷ്ടം, നിനക്ക്
പകലുറക്കം നഷ്ടം..
കറുക നാമ്പുകൾ നഷ്ടം
കാശിത്തുമ്പയും നഷ്ടം..
തൊട്ടാവാടി നീ കണ്ടതേ ഇല്ല..
തൊടിയിലെ ദലമർമ്മരം നഷ്ടം..
കുയിലിന്റെ പാട്ട് നഷ്ടം
കുളിരും കുളിർമ്മയും നഷ്ടം..
പറമ്പിലെ കുളങ്ങൾ നഷ്ടം..
പാതവക്കിലെ തണൽമരങ്ങൾ നഷ്ടം..
ചുമടുതാങ്ങികൾ നഷ്ടം..
ചടുല താളങ്ങൾ നഷ്ടം..
പുലരെ തുടങ്ങി, അന്തിക്ക് മടങ്ങും
ആനന്ദക്കളികളും നഷ്ടം
നിനക്ക് അമ്മയെ നഷ്ടം..
അച്ഛൻ വൈകിട്ടെത്തുന്ന അതിഥി മാത്രം.
മുത്തശ്ശി ഇല്ല.. മുത്തശ്ശൻ എവിടെ?
അണുകുടുംബം നിനക്ക് സ്വന്തം..
നീ വേരിറങ്ങാതെ വളരുന്നു..
വളമില്ലാതെ തളരുന്നു..
നീ ശല്യമായാൽ, റിമോട്ട് നിനക്ക് സ്വന്തം.
ഒന്നാം വയസ്സിലേ.. മൊബൈല് നിന്റെ സ്വന്തം
ആറാം വയസ്സിൽ,പതിനേഴിന്റെ കുളിരുമായെന്ന ഗാനം
നീ അംഗ വിക്ഷേപങ്ങളോടെ പാടുമ്പോൾ
നിന്റെ മാതാ പിതാക്കൾക്ക് കുളിര് കോരിയിടും..
നീ തന്നെ മുമ്പിൽ, റിയാലിറ്റി ഷോകളിൽ
നിനക്കെങ്ങിനെ മനസ്സിലായി കുഞ്ഞേ..
പതിനെഴിലെ ഭാവങ്ങൾ ഇത്ര കൃത്യമായി..
അതാണ്‌ പറഞ്ഞത്..
കുഞ്ഞേ നിനക്ക് പ്രായം നഷ്ടമാവുന്നു..
നിനക്ക് പ്രായം നഷ്ടമാവുന്നു

വേണു 'നൈമിഷിക'

No comments:

Post a Comment