Tuesday, 6 December 2016

Suresh Naduvath

കമ്മുക്കാക്ക
••••••••••••••••••••••••
[ ഭൂതായനം/57/]
•••••••••••••••••••••••••
നല്ലൊരു മഴക്കാലം... സ്കൂളിൽ നിന്ന് ഓടി വീട്ടിൽ വന്നു കയറിയതാണ്... നേരെ ലക്ഷ്യം അടുക്കള...ഉമ്മറത്തെ ഓട് പൊട്ടി കുറച്ചു വെള്ളം പരന്നു കിടക്കുന്നതറിയാതെ ഓടിയതോർമ്മയുണ്ട്..
ഒരൊറ്റ വീഴ്ച.. കയ്യും അടിച്ച്.. എന്നാണ് നടന്നതെന്നറിയാൻ പിന്നെയും സമയമെടുത്തു.. കയ്യ് അകത്തേക്ക് കടക്കുന്ന വാതിലിന്റെ കട്ട്ളപ്പടിയിൽ അടിച്ചതാണ്...
കണ്ണും മൂക്കും ല്ലാണ്ടെ ഓടരുത് ന്ന് പറഞ്ഞാ കേക്കില്ല... നിന്തൊക്കെ കാണണോ ആവോ.. മുത്തശ്ശി തുടങ്ങി.. അഛനും അമ്മയും എത്തീട്ടില്ല... മാതുവമ്മ കുറച്ച് വെള്ളം കൂട്ടി ഉഴിയാൻ കൈയ്യ് ഉയർത്തി... അയ്യോ.... സ്വർഗം കാണുന്ന വേദന... " കയ്യിമ്മ നീര്ണ്ട്... പൊട്ട്ണ്ട് ന്നാ തോന്നണത്" മാതുവമ്മ കൈ പിടിച്ചു നോക്കി പറഞ്ഞു....കൈയ്യ് അനക്കാതെ പിടിച്ചോ... അപ്പൂം ശ്യാമളേം വരട്ടെ... മാത്വോ... കുട്ടിക്ക് ചായകൊടുക്ക്... മുത്തശ്ശിടെ കൽപന....
ഓട്ടോറിക്ഷകളൊന്നും റോട്ടിലിറങ്ങിയിട്ടില്ല ആ കാലത്ത്... അഛൻ കേട്ടയുടനേ രണ്ട് ചാട്ടം.. " അഹമദിയുടെ കൊടുമുടി.'ഓരോ പണിയുണ്ടാക്കിത്തന്നോളും "
മെല്ലെ പുറത്തിറങ്ങി... ഒരു കൈ നെഞ്ചോട് ചേർത്ത് പിടിച്ചാണ് പാടവരമ്പിലൂടെ നടത്തം...
"എങ്ങട്ടാ മാസ്റ്റേ കുട്ടീനേം കൊണ്ട് സ്കൂള് ന്ന് ബന്ന ഒട നേ" പലചരക്ക് മൂസാക്കായാണ്..." ചെക്കൻകയ്യൊടിച്ച് വച്ചിക്കണ് മൂസാക്കാ....: " അപ്പൊ കമ്വാക്കാന്റെ അട്ത്ത് ക്ക് തന്നെ വിട്ടോളീ "
വണ്ടൂരെത്തും മുൻപേ പുളിക്കൽ വളവുണ്ട്... അവിടെ പി.എ.കെ കാരുടെ പാടം മറുവശത്ത്.. റോഡരികിൽ ഓടിട്ട ഒരു നീണ്ട കെട്ടിടം... അതാണ് കമ്മു കാക്കായുടെ തിരുമ്മൽ കേന്ദ്രം... വഴിക്കടവ്, മഞ്ചേരി ,മേലാറ്റൂർ, കാളികാവ്, തുടങ്ങിയ ധാരാളം സ്ഥലങ്ങളിൽ നിന്നു പോലും എല്ലിന് എന്തെങ്കിലും പൊട്ടലോ ചതവോ ഉളുക്കലോ ഉണ്ടായാൽ കമ്മു വാക്കയെ തേടി ആളുകൾ എത്താറുണ്ടായിരുന്നു..
മുൻപിൽ നീണ്ട ഒരു മേശ... ഒരു നീലപെയ്ന്റ് അടിച്ചതാണത്.. അതിൻമേലിരുത്തിയാണ് ആദ്യ പരിശോധന.. കൂടുതൽ വേണമെങ്കിൽ ഉള്ളിലിരുത്തും... കിടത്തിയിട്ടാണെങ്കിൽ അതിനും ഉളളിൽ മറ്റൊരു മുറിയുണ്ട്...
ആശുപത്രി, എക്സ് റേ, ഓർത്തോ. പ്ളാസ്റ്റർ ഇവയൊക്കെ പ്രചാരത്തിലാവുംമുമ്പ് എല്ലുകളുടെ പൊട്ടലും ചീറ്റലും ചികിൽസിച്ചിരുന്ന പാരമ്പര്യ വൈദ്യനായിരുന്നു കമ്വാക്ക..
ഉയരം കുറഞ്ഞ് വെളുത്തൊരാൾ.. തലയിൽ ചെറിയ കഷണ്ടി.. നെറ്റിയിൽ നിസ്കാരത്തഴമ്പ്... തോളത്ത് പച്ച മരുന്നിന്റെയും കുഴമ്പിന്റെയും മണമുള്ള ഒരു തോർത്ത്....
അഛൻ വിവരം പറഞ്ഞപ്പോൾ കമ്മുവാക്ക എന്നെ ഒന്നിരുത്തിനോക്കി ചിരിച്ചു... അഞ്ചിലോ ആറിലോ ആണന്ന് പഠിക്കുന്നത്..
കുട്ടി ഈ മേശപ്പുറത്തേക്കിരിക്കി... നോക്കട്ടെ... പതുക്കെ മേശപ്പുറത്ത് ഇരുത്തി കമ്മു കാക്ക എന്റെ വലതുകൈ പിടിച്ചു.... ഒരു നിമിഷം എന്റെ കണ്ണിൽ നോക്കിച്ചിരിച്ചു കൊണ്ട് മൂപ്പർ പതുക്കെ പറഞ്ഞു... കൈ നൂർത്തിപ്പിടിക്കി കുട്ട്യേ.. പെരുവിരലും തള്ളവിരലും കൊണ്ട് പതുക്കെ അമർത്തുന്നതിനിടയിൽ ഒന്നു രണ്ടിടത്ത് ഞാൻ ആ ''ആ.. എന്ന് വേദനിച്ചു പുളഞ്ഞിരുന്നു.
മാഷേ കെണിപ്പ് തെറ്റീട്ട്ണ്ട്.. ഒരു പൊട്ടും ണ്ട്... കൊയപ്പല്ല... സര്യാക്കാം.... കമ്മുവാക്ക ചിരിച്ചു..'."എത്രാം ക്ലാസിലാ കുട്ടി പഠിക്കണത്..? അഞ്ചില്.. ചോദ്യം എന്നോടാണെങ്കിലും ശ്രദ്ധ കൈയ്യിൽത്തന്നെ... അതിനിടയിൽ അകത്തേക്ക് നോക്കി കുഞ്ഞുട്ട്യേ... ഈ കുട്ടിക്ക് അവലും പഴോം കൊട്ത്താന്നും പറയണുണ്ട്...
കമ്മുക്കാക്കയുടെ മകൻ കുഞ്ഞുട്ടി ചിരിച്ചു കൊണ്ട് അവിലും പഴവും കൊണ്ട് വന്നു.. അഛൻ അത് എന്റെ വായിൽ നിറച്ചു.. പഴവും അവിലും ചവക്കാൻ തുടങ്ങുമ്പോൾ കയ്യിൽ പച്ച നിറമുള്ള ഒരു കുഴമ്പ് കമ്മുക്കാക്ക ഒഴിച്ചു... പിന്നെ ഒരു പ്രയോഗം..... ഉഴിഞ്ഞതല്ല കെണിപ്പ് പിടിച്ചിട്ടതാണ്...!ഈശ്വരാ.. സ്വർഗ്ഗവും നരകവും പാതാളവും ഒരൊറ്റ പിടുത്തത്തിൽ കണ്ടു.. വായിൽ അവിലായതിനാൽ മിണ്ടാനും വയ്യ... കെണിപ്പ് ശരിയാക്കി പൊട്ടിയ ഇടത്ത് തൈലമിട്ട് വലിയ കെട്ടുകെട്ടി തൂക്കിയിടാൻ ചെറിയ കെട്ടും കഴുത്തിൽ റഡിയാക്കി... ഇനി പത്ത് ദെവസം കഴിഞ്ഞ് ബന്നോളീ... മൂന്ന് കെട്ടോണ്ട് സരിയാവും.."
" മീൻ കൂട്ടുലല്ലോ..? നാടൻ മുട്ടേന്റെ വെള്ളരണ്ടെണ്ണം തിന്നോണ്ടു... പച്ചക്ക് കുടിച്ചാലും മതി... പാല് കുടിച്ചോണ്ടൂ ദെവസോം..ഉസാറാവും"..ആകെട്ട് ആദ്യം നീരിന്റെ കനത്താൽ വിങ്ങി.. പക്ഷേ പച്ചമരുന്നിന്റെ തണുപ്പിലും കുഴമ്പിന്റെ തലോടലിലും പതുക്കെ പതുക്കെ കൈയ്യിന് പഴയ സ്വാധീനശേഷി തിരികെ കിട്ടി...
കാലോ കൈയ്യോ ഒടിഞ്ഞാൽ, ഞരമ്പ് പിണഞ്ഞാൽ, കെണിപ്പ് തെറ്റിയാൽ, പടം മറിഞ്ഞാൽ, ഉളുക്കിയാൽ എല്ലാം കമ്മു കാക്കയുടെ കൈയ്യാണ് സഹായം.... തോളിളകിയാലും വാരി പൊട്ടിയാലും എല്ലാം തൊട്ടു നോക്കി ചികിൽസ നടപ്പാക്കിയിരുന്ന കടുകിട തെറ്റാത്ത നാട്ടുവൈദ്യം..
ഏത് എക്സ് റേ കണ്ണുകളാണ് ഇവരുടെ കൈകളിൽ ദൈവം അനുഗ്രഹിച്ചുറപ്പിച്ചത്..!
•••••••••••••••••••••••••••••••••
സുരേഷ് നടുവത്ത്
••••••••••••••••••••••••••••••••••

No comments:

Post a Comment