Friday, 2 December 2016

Suresh Naduvath

കൂകൂ കൂകൂ തീവണ്ടി....!!
••••••••••••••••••••••••••••••••••••
[ ഭൂതായനം/56/]
•••••••••••••••••••••••••••••••••••••
നിലമ്പൂർ ഷൊർണൂർ റയിൽ പാത.. എത്ര കാലം പഴക്കമുണ്ടാവും അതിന്... ചരിത്രാന്വേഷികൾക്ക് കൃത്യവിവരം അന്വേഷിക്കാം.. ബ്രിട്ടീഷ് പ്രാഭവത്തെ ഓർമ്മിപ്പിക്കുന്ന ചില അടയാളങ്ങളിൽ ഒന്നാണീ തീവണ്ടി... പഴമയിൽ നിന്ന് ഓർമ്മപ്പുറങ്ങളിലേക്ക് കൂവി വിളിച്ച് വരുന്നൊരു തീവണ്ടി..
നടുവത്ത് നിന്നാൽ വെള്ളാമ്പ്രം വഴി പോകുന്ന ട്രെയിനിന്റെ വിസിൽ കേൾക്കാം....
ഏറെ പഴയോർമ്മകൾ ആ തീവണ്ടി തന്നിട്ടുണ്ട്... ഗുരുവായൂർക്ക് വാണിയമ്പലത്ത് നിന്ന് മുത്തശ്ശിയോടൊപ്പം കയറി ചെറുകരയിറങ്ങി പോയിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു
രാവിലെ 6.30 മണിയോടെ ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 8.30 ന് നിലമ്പൂർ എത്തുകയും പിന്നെ നിലമ്പൂർ നിന്ന് 9.15ന് പുറപ്പെട്ട് II 30 ന് ഷൊർണൂർ എത്തുകയും ചെയ്യുന്ന ഒരു ട്രിപ്പ്.. വൈകീട്ട് 3 മണിയോടെ ഷൊർണൂരിൽ നിന്നും പുറപ്പെട്ട് 5 മണിക്ക് നിലമ്പൂരിൽ നിന്നും തിരിച്ച് ഷൊർണൂരേക്ക് പോകുന്ന രണ്ടാമത്തെ ട്രിപ്പ്.. 6.50 ആവുമ്പോഴേക്കും ഷൊർണൂരെത്തും... ഇങ്ങനെ രണ്ടു ട്രിപ്പുകളിൽ എത്ര കാലം പാളങ്ങളിലൂടെ ഓടിത്തീർന്നിരിക്കും അറിയില്ല
എനിക്ക് ഓർമ്മ വക്കുമ്പൊഴേ ആ തീവണ്ടിയുണ്ട്... 70 കാലങ്ങളിലൊക്കെ ഉള്ള അതിന്റെ കൂക്കൽ ഇപ്പൊഴും കാതിലുണ്ട്...
നിലമ്പൂരെത്തിയാൽ എൻജിൻ വേർപെടുത്തി കുറച്ചു ദൂരം മുൻപോട്ടോടി തിരിച്ച് മറ്റൊരു പാളത്തിലൂടെ എൻജിൻ മാത്രം മുക്കട്ട റോഡിലെ ലെവൽ ക്രോസും കടന്ന് പോയി റിവേർസിൽ വന്ന് പിന്നിലെ ബോഗിക്ക് കണക്കാക്കി ഷണ്ടിംഗ് ചെയ്ത് കുടുക്കുന്നത് വായും പൊളിച്ച് നോക്കി നിന്നിട്ടുണ്ട്..
വാര്യത്തെ വിജയേട്ടൻ.തട്ടാൻ അപ്പുട്ടൻ തുടങ്ങിയവരോടൊപ്പം ഒരിക്കൽ നടുവത്ത് നിന്ന് നടന്ന് വെള്ളാമ്പ്രം റെയിൽവേ ഗേറ്റിൽ എത്തി റെയിൽവേ പാളത്തിലൂടെ നടന്ന് കാരാടും കുതിരപ്പുഴപ്പാലവും കടന്ന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു.. കുതിരപ്പുഴപ്പാല'ത്തിൽ തീവണ്ടി വരുമ്പോൾ കയറി നിൽക്കാൻ രണ്ട് ഇരുമ്പിന്റെ ചതുരക്കൂടുകൾ ഉണ്ടായിരുന്നു... ഒമ്പത് മണിയുടെ വണ്ടിയെ ഈ പാലത്തിലെ കുട്ടിൽ നിന്നാണ് അന്ന് എതിരേറ്റത്... പാളത്തിൽ കോമരച്ചിലമ്പിന്റെ വന്യ താളവുമായി അകമ്പടിക്കാറ്റിന്റെ ഹുങ്കാരവുമായി ഗംഭീര ശബ്ദകോലാഹലവുമായി നീണ്ട ആ ട്രെയിൻ കുതിച്ചു പാഞ്ഞു പോയപ്പോൾ വിറക്കുന്ന പാലത്തിൽ കിടുകിടുത്തു നിന്നത് മറക്കാത്ത ഒരോർമ്മ
നിലമ്പൂരിലെ ചൂളം വിളി കഴിഞ്ഞാലും വണ്ടി ചിലപ്പോൾ നിർത്തും.. ബസിറങ്ങി ഓടി വരുന്നവരെ കണ്ടാൽ ഡ്രൈവർ നിറുത്തുന്ന നിലമ്പൂർ വണ്ടിയെ കൈകാണിച്ചാൽ നിർത്തുന്ന തീവണ്ടി എന്ന് വിളിച്ചിട്ടുണ്ട് ആരോ..
വലിയൊരു ആലിൻ ചുവടാണ് നിലമ്പൂരിലെ സ്റ്റാർട്ടിംഗ് പോയന്റ്... ചെറിയൊരു പ്ളാറ്റ്ഫോം നിലമ്പൂരുണ്ട്.. അവിടെ നിന്ന് റെയിൽവേ ക്രോസും പിന്നിട്ട് രാമൻകുത്തിലെ തേക്കിൻകാട് കഴിഞ്ഞാൽ കുതിരപ്പുഴപ്പാലമായി... പാലത്തിൽ ട്രയിൻകയറിയാൽ വല്ലാത്തൊരു ശബ്ദമാണ്..
കാരാട്ടെ വി.കെ.എസിന്റെ റബ്ബർ തോട്ടത്തിലൂടെ ഇന്നില്ലാത്ത വെള്ളാമ്പുറം സ്റ്റേഷനിൽ വണ്ടി കിതച്ചു നിൽക്കും... അടുത്ത കുതിപ്പ് വാണിയമ്പലം പാറയെ ചുറ്റിക്കൊണ്ടാണ്.. പാറ തുരന്നാൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാവും എന്ന കണ്ടെത്തലാണ് ബ്രിട്ടീഷുകാരെ പാറ ചുറ്റി റയിലിടാൻ പ്രേരിപ്പിച്ച സംഗതിയത്രേ.. വലിയ ഒരു പാറയാണ് വാണിയമ്പലം പാറ.. അതിനു മുകളിൽ വറ്റാത്ത ഒരു കിണറും കുളവും ഉണ്ടായിരുന്നു... ചട്ടുകക്കിണറും, ഉരുളിക്കുളവും....
വാണിയമ്പലം ചെറിയൊരു പ്ളാറ്റ്ഫോമുണ്ടായിരുന്നു.. പിന്നെ നേരെ തൊടികപ്പുലം.. ഉൾനാടുകളുടെ ഭംഗിപ്പുളപ്പിലൂടെ പാടപ്പച്ചത്തുരുത്തുകളിലൂടെ ഒരു തീവണ്ടി..
തുവ്വൂർ ആണ് അടുത്ത സ്റ്റേഷൻ.. അവിടെയൊന്നും ആദ്യകാലത്ത് പ്ളാറ്റ്ഫോമില്ല... ഇവിടെ മുഴുവൻ വൃക്ഷ നിബിഡത.. മഴക്കാലമായാൽ വളഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ പാളത്തിലേക്ക് മറിഞ്ഞു വീഴും.. പ്രദേശവാസികൾ മഴുവും കത്തിയുമായെത്തി വണ്ടിക്ക് പോകാൻ വഴി യൊരുക്കും.
കവുങ്ങിൻ തോട്ടങ്ങളും വെള്ളമൊലിക്കുന്ന തോടുകളും നാട്ടിൻപുറ വീടുകളും കടന്ന് മേലാറ്റൂർ സ്റ്റേഷൻ...നിരയായി ആൽത്തണുപ്പ്..
മേലാറ്റൂർ റയിൽവേ ക്രോസിൽ പാലക്കാടൻ കാറ്റുമായി വരുന്ന വണ്ടികൾ ഹോണടിച്ച് അക്ഷമയോടെ നിൽക്കുന്നത് കാണാം.. മേലാറ്റൂർ പുഴക്കാഴ്ച്ച മുകളിൽ നിന്ന് വല്ലാത്തൊരനുഭവം...
പച്ച വയലേലകൾക്കു നടുവിലൂടെ പടിക്കാട് സ്റ്റേഷൻ... പെരിന്തൽമണ്ണ ബസുകൾക്ക് സലാം പറഞ്ഞ് റയിൽവേ ക്രോസ് കടന്നാൽ പിന്നെ വൃക്ഷ നിബിഡമായ അങ്ങാടിപ്പുറം സ്റ്റേഷൻ
തിരുമാന്ധാംകുന്നിലെ പൂരക്കാലമൊക്കെ പഴമക്കാരുടെ മനസിൽ ഒരു തീവണ്ടിയായി ഓടുന്നുണ്ട്.. പൂരം കഴിഞ്ഞ് രാവിലെ മടങ്ങിയിരുന്ന കാലങ്ങൾ ഉറക്കച്ചടവോടെ മരത്തിന്റെ പടികൾ ഉറപ്പിച്ച സീറ്റിൽ എത്ര ഇരുന്നിട്ടുണ്ടാവാം..
ഏലംകുളത്ത് ആദ്യകാലത്ത് സ്റ്റേഷൻ ഉണ്ടായിരുന്നു.. ഇ.എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ട്രയിനിൽ ഇവിടെ വന്നിറങ്ങിയിരുന്നു.പിന്നെ യെപ്പോഴോ ആ സ്റ്റേഷനും നിർത്തലാക്കി...
ചെറുകര റെയിൽവേ ക്രോസിനടുത്ത് ചെറിയൊരു ക്ഷേത്രമുണ്ട്.. വൃക്ഷത്തണുപ്പുകളുടെ സ്വാഗതം പറച്ചിലാണ് ചെറുകര... പിന്നെ പാലക്കാടൻ മണ്ണായി..
കുലുക്കല്ലൂർ, വല്ലപ്പുഴ, ഗുരുവായൂർ പാലക്കാട് ബസുകൾ കാത്ത് കിടക്കുന്ന വാടാനാം കുറിശി സ്റ്റേഷനും റെയിൽവേ ക്രോസും.പിന്നെ ഷൊർണൂരെത്തും മുമ്പ് കോഴിക്കോടൻ പാളത്തിനരികെ ഒരിത്തിരി നിൽപ്.. ചിലപ്പോൾ എകസ് പ്രസുകൾക്ക് പിറകേ ഷൊർണൂരിലേ വലിയ പ്ലാറ്റ് ഫോറത്തിലേക്കുള്ള പതിഞ്ഞണയൽ..
ഒരു വല്ലാത്ത അനുഭവമാണ് നിലമ്പൂർ ഷൊർണൂർ തീവണ്ടിയാത്ര.. എത്രമാത്രം കുറുക്കുവഴിയിലൂടെയാണ് ഇംഗ്ലീഷുകാരൻ ഈ തീവണ്ടിപ്പാത നിലമ്പൂരേക്ക് പണിതത് എന്നത് മറ്റൊരത്ഭുതം.. നാല് മണിക്കൂർ ബസിനെടുക്കുമ്പോൾ 2 മണിക്കൂർ മതി വണ്ടിക്ക്..
കയ്യിൽ ഒരു പെട്ടിയും വെള്ളപ്പാൻറും ഷർട്ടുമായി പിന്നിലെ ബോഗിയിൽ കയറുന്ന ഉദ്യോഗസ്ഥൻ.. ചെറിയ ഒരു ചില്ലിലൂടെ നോക്കി വണ്ടി ഓടിക്കുന്ന എൻജിൻ ഡ്രൈവർ... ഒരിക്കലും ടിക്കറ്റ് പരിശോധകർ വരാത്ത കംപാർട്ട്മെന്റുകൾ...രാമനുണ്ണി ബിസ്കറ്റിന്റെ മധുരമുണ്ടെന്ന് പറഞ്ഞ് അറിയാതെ തിന്ന ടിക്കറ്റുകൾ ഡ്രൈവർ സ്റ്റേഷനിലെത്തുമ്പോൾ എറിഞ്ഞു കൊടുക്കുന്ന 8 പോലുള്ള വടിയും തുകൽ സഞ്ചിയും. ഓർമകൾ ഒരു തീവണ്ടിയിൽ എത്രയെത്ര !
മരയഴികളുള്ള വശങ്ങളിലെ ഒറ്റ സീറ്റിലിരുന്ന് കൽക്കരിയുടെ കറുപ്പ് ശ്വസിച്ച് ചക്കും മുക്കും താളത്തിൽ ആ തീവണ്ടിയിലിരുന്ന് കുട്ടിക്കാലം കുറച്ചൊന്നുമല്ല യാത്ര ചെയ്തിട്ടുള്ളത്.. നിഗൂഢമായ ഭൂതകാലത്തിന്റെ വള്ളിപ്പടർപ്പുകളും കാട്ടുവഴികളും താണ്ടി ഇപ്പോഴും ഒരു ഓർമ്മത്തീവണ്ടി ഇരമ്പി ഓടിക്കൊണ്ടിരിക്കുന്നുണ്ട്.. പച്ചയും ചുകപ്പും സിഗ്നലോ നീട്ടിയുള്ള വിസിലോ ബിസ്ക്കറ്റിന്റെ കട്ടിയുള്ള ടിക്കറ്റോ ഇല്ലാതെ'ഭൂതായനത്തിന്റെ പാളങ്ങളിലൂടെ...!
••••••••••••••••••••••••••••••••••••
സുരേഷ് നടുവത്ത്
•••••••••••••••••••••••••••••••••••••

No comments:

Post a Comment