Thursday, 1 December 2016

Venu Naimishika

ശോണനിറമാർന്ന പുഷ്പങ്ങൾ
.......................................................
അന്ധകാരമാണ്
മനുഷ്യന്റെ കണ്ണുകളിൽ
പ്രത്യയശാസ്ത്രത്തിന്റെ 
അന്ധകാരം !
പുറംമോടികളുടെ
അന്ധകാരം !
വർഗ്ഗീയതയുടെ
അന്ധകാരം !
മതം വിളമ്പുന്നവർ
മത്തിയുടെ മതമറിയുന്നില്ല
പിടിച്ചവന്റെ മതം
കരയ്‌ക്കെത്തിച്ചവന്റെ മതം
സൈക്കിളുരുട്ടി
വീട്ടിലെത്തിച്ചവന്റെ മതം
കറിവെച്ച അമ്മയുടെ,
പെങ്ങളുടെ, ഭാര്യയുടെ മതം !
എല്ലിൽ കുത്തുമ്പോൾ
പല്ലും നാക്കും, നഖവും
മതേതരത്വത്തിന്റെ
ജീർണ്ണിച്ച ചെതുമ്പലുകളിൽ
കുത്തിയിറക്കി
ആർത്തിയോടെ
നിർജ്ജീവമായ ശരീരത്തിൽനിന്ന്
കട്ടപിടിച്ച ചോര
ഊറ്റിയൂറ്റി കുടിക്കുന്നു !
തെണ്ടിയും, പിച്ചക്കാരനും
നിന്നിലൂടെ മതം വിറ്റു
മണിമാളികകൾ പണിഞ്ഞു
രാഷ്ട്രീയ മേലാളന്മാരായി
നീ -
സ്വന്തമായി ഒരു കൂരപോലുമില്ലാതെ
ആ തെണ്ടികളുടെ
വേദവാക്യം കേട്ട്
വെട്ടാനും ചാകാനും -
നിന്നെയോർത്തു ലജ്ജിക്കുന്നു
ഹേ ! മനുഷ്യാ
നിന്റെ രക്തസാക്ഷിമണ്ഡപത്തിൽ
വർഷത്തിൽ ഒരുദിനം
ശോണനിറമാർന്ന
കുറേപ്പൂക്കൾ ,ഹാ കഷ്ടം !
അന്ധകാരമാണ്
മനുഷ്യന്റെ കണ്ണുകളിൽ
പ്രത്യയശാസ്ത്രത്തിന്റെ
അന്ധകാരം !
പുറംമോടികളുടെ
അന്ധകാരം !
വർഗ്ഗീയതയുടെ
അന്ധകാരം !
വേണു 'നൈമിഷിക'

No comments:

Post a Comment