Friday, 25 November 2016

Remya Rajesh

.................നരഭോജികൾ..........
******************************
"ഇവനിതെന്താ ഫോൺ ഓഫാക്കി വെച്ചിരിക്കണേ.ഇന്നലെ പോയതാ റൂമീന്ന്...
മനുഷ്യനെ ടെൻഷനാക്കാനായിട്ട് "
നവാസ് ഫോണെടുത്ത് ബെഡിലേക്കിട്ടോണ്ട്
ജോസിനോടായി പറഞ്ഞു...
"ഇക്കാ നമുക്ക് പോയൊന്ന് അന്വേഷിച്ചാലോ"?
"എടാ ജോസേ എവിടാണെന്ന് വെച്ചാ അന്വേഷിക്കുന്നേ"?
"അല്ല സുരേഷ് ഇന്നലെ രാവിലെ ഇവിടുന്ന്
പോകുമ്പോ ഇക്കായോട് എന്താ പറഞ്ഞത്"
"അത് അവനെന്നോട് പറഞ്ഞത് ആ തായ്ലന്റ്
ചെക്കൻമാരുടെ അടുത്ത് പോകുവാ...
കടം കൊടുത്ത കാശ് തിരികെ മേടിക്കണമെന്നും
പറഞ്ഞു...പക്ഷേ അവൻമാരെ ഞാൻ കുറച്ചു
മുൻപ് വിളിച്ചെടാ...അവര് പറയുന്നത് സുരേഷ്
അവിടെ ചെന്നിട്ടില്ല..അവൻമാര് ഒരാഴ്ച മുന്നേ
സുരേഷിനെ കണ്ടതാ പിന്നെ കണ്ടിട്ടേയില്ലെന്ന്"
"ഇക്കാ വേഗം റെഡിയാക് നമുക്ക് അവൻമാരുടെ
അടുത്ത് നേരിട്ട് പോയി ചോദിക്കാം...
അതല്ലെങ്കിൽ ആ പരിസരത്തുള്ള ആരുടേലും
അടുത്തൊന്ന് തിരക്കാമല്ലോ സുരേഷിനെ കണ്ടോയെന്ന്"
നവാസും ജോസും വേഗം റെഡിയായി അവൻമാരുടെ ഫ്ളാറ്റിലേക്ക് പുറപ്പെട്ടു...
കോളിംഗ്ബെല്ലടിച്ചതും ദീപക്ഹോത്ര വാതിൽ
തുറന്നു
അകത്തേക്ക് നവാസിനേയും ജോസിനേയും
സ്വീകരിച്ചിരുത്തി..അപ്പോഴേക്കും അവന്റെ
കൂട്ടൂകാരൻ റാണയും എത്തി..രണ്ടും നല്ല
ആരോഗ്യദൃഡഗാത്രർ...
"സുരേഷ് ഇവിടെ വന്നോ "?എന്ന നവാസിന്റെ ചോദ്യത്തിന് ഫോണിലൂടെ പറഞ്ഞ മറുപടി
തന്നെ ഇരുവരും ആവർത്തിച്ചു.
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരമാണ് റാണയുടെ
കൈവിരലിലെ മോതിരം നവാസ് ശ്രദ്ധിച്ചത്...
സുരേഷിന്റെ വിരലിൽ കിടന്ന മോതിരം....
ഇന്നലെ രാവിലെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ
പോലും ഇതവന്റെ വിരലിൽ ഉണ്ടായിരുന്നു
"ടാ നവാസേ ഈ മോതിരത്തിന്റെ പ്രത്യേകത
നിനക്കറിയാമോ..ഈ നടുക്കുള്ള കുഞ്ഞ് വെള്ളകല്ല് ഞങ്ങടെ മോൻ..അതിനിരുവശമുള്ള
ചുവന്ന കല്ല് ഞാനും എന്റെ ലക്ഷ്മിയുമാടാ"
സുരേഷ് ആ മോതിരം കാണിച്ച് പറഞ്ഞ വാക്കുകൾ നവാസ് ഓർത്തു....
"ഇവൻമാർ പറഞ്ഞത് കള്ളമാണ്..സുരേഷിനെ
ഇവൻമാർ കണ്ടിട്ടുണ്ട്..പക്ഷേ ഒരു വഴക്കിന്
നിന്നാൽ ശരിയാകില്ല" നവാസ് മനസ്സിലോർത്തു..
ജോസുമായി അവിടുന്നിറങ്ങിയ നവാസ് നേരെ
പോയത് സുരേഷിന്റെ സ്പോൺസറായ അറബിയുടെ അടുത്തേക്കായിരുന്നു..നല്ല ഒരു
മനുഷ്യനായ അദ്ദേഹത്തിന് സുരേഷിനെ വലിയ
കാര്യമായിരുന്നു....
സുരേഷിനെ ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്നും തനിക്ക് തായ്ലന്റ്കാരായ
ആ പയ്യൻമാരെ സംശയം ഉണ്ടെന്നും ആ
മോതിരത്തെക്കുറിച്ചും നവാസ് അറബിയോട്
പറഞ്ഞു...
ഏറെ നേരത്തെ ചിന്തയ്ക്ക് ശേഷം അറബിയും
അവരോടൊപ്പം വീണ്ടും തായ്ലന്റുകാരുടെ
റൂമിലെത്തി...മുറിയിലാകെ സുഗന്ധദ്രവ്യങ്ങളുടെ
പുകയായിരുന്നു...തങ്ങൾ മുന്നേ വന്നപ്പോഴും
ഇതേ മണം തന്നെയായിരുന്നെന്ന് നവാസപ്പോൾ
ഓർത്തു.....
മുറികളിൽ കയറി പരിശോധിക്കാൻ നവാസും
ജോസും ഒരുങ്ങിയപ്പോൾ അവൻമാർ തടയാൻ
ശ്രമിച്ചെങ്കിലും അറബിയെ കണ്ടതോടെ പിൻമാറി
പൂട്ടിയിട്ട ഒരു റൂം തുറക്കാൻ പറഞ്ഞപ്പോൾ അതിന് താക്കോലില്ല ആ മുറി ആരും ഉപയോഗിക്കില്ലെന്നായിരുന്നു മറുപടി..നവാസും
ജോസും അറബിയും കൂടി ആ റൂം തല്ലി തുറന്നു...
ആ റൂമിനകം നിറയെ സുഗന്ധദ്രവ്യം പുകയുകയായിരുന്നു....ഒരുപാട് പഴകിയ
സാധനങ്ങൾ ആ റൂമിൽ കൂടി കിടക്കുന്നുണ്ട്
ഓരോന്നായി വലിച്ചു വാരിയിട്ട് തിരയുന്നതിനിടയിലാണ് പുറമേ ചോരയുടെ
നിറം അങ്ങിങ്ങായി കാണുന്ന ഒരു വേസ്റ്റ് ഇടുന്ന
കവർ ജോസ് കണ്ടത്....
ജോസും ഒന്നിച്ച് ആ കവർ തുറന്ന നവാസ് ഒന്നേ
നോക്കിയുള്ളു അതിനകത്തേക്ക്...തങ്ങളുടെ
പ്രിയ സുഹൃത്ത് സുരേഷിന്റെ അറുത്തു മാറ്റിയ
ശിരസ്സും കൈകാലുകളും......
രണ്ടാളുടേയും അലറി കരച്ചിൽ കേട്ട് അറബി
വന്നു നോക്കിയതും അവരെ തള്ളിയിട്ട് അവൻമാർ രണ്ടാളും ഓടി രക്ഷപെടാൻ ശ്രമിച്ചു...
പക്ഷേ അറബിനേരത്തെ വിളിച്ചറിയിച്ചതിനാൽ
അപ്പോഴേക്കും പോലീസെത്തിയിരുന്നു...
വിശദമായ ചോദ്യം ചെയ്യലിൽ എല്ലാ കുറ്റവും
അവർ ഏറ്റു പറഞ്ഞു...
സുരേഷിന്റെ ബാക്കി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ
നിന്നും കണ്ടെടുത്തു..കുറച്ച് മാംസം അവർ
പാചകം ചെയ്തു കഴിച്ചതായും സമ്മതിച്ചു...
കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിലുള്ള
വൈരാഗ്യവും മനുഷ്യ മാംസത്തോടുള്ള അടങ്ങാത്ത ആർത്തിയുമാണ് തങ്ങളിങ്ങനെയൊരു കൊലപാതകം നടത്താൻ
കാരണമെന്ന് രണ്ടുപേരും ഏറ്റു പറഞ്ഞു...
ഒരുപാട് ജീവിത സ്വപ്നങ്ങളുമായി ഈ മരുഭൂമിയിലെത്തിയ ഒരു പാവം ചെറുപ്പക്കാരൻ...
അവനിന്ന് ജീവനറ്റ ...ശരീരം വെട്ടി നുറുക്കപ്പെട്ട വെറും മാംസം മാത്രമാണിന്ന്...ഇതൊന്നുമറിയാതെ അവനു വേണ്ടി പ്രാർത്ഥനയോടെ നാട്ടിൽ കാത്തിരിക്കുന്ന
അവന്റെ ഭാര്യയേയും.മകനേയും കുറിച്ചോർത്തപ്പോ നവാസിന്റേയും ജോസിൻെയും കണ്ണ് നിറഞ്ഞു....
ആ ജീവന് പകരമാകാൻ മറ്റൊന്നിനും
ആകില്ലെന്നറിയാമെങ്കിലും ആ നല്ല മനുഷ്യനായ
അറബി ഒരു നല്ല തുക അവർക്കായി നാട്ടിലയച്ചു
കൊടുത്തു
അദ്ദേഹത്തിനെക്കൊണ്ട് അതിന് മാത്രമല്ലാ കഴിയുകയുള്ളൂ....
മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ
ഈ നീച പ്രവൃത്തി ചെയ്ത നരാധമൻമാരായ
ആ നരഭോജികളുടെ തലയറുക്കുന്നത് കണ്ടപ്പോൾ
ഈശ്വരന് പോലും കുറ്റബോധം തോന്നിയിരിക്കാം
ഈ പാപജന്മങ്ങൾക്ക് മനുഷ്യനായി ഭൂമിയിൽ
ജീവൻ നല്കിയതിന്......
(സൗദിയിൽ വർഷങ്ങൾക്ക് മുൻപ് മനുഷ്യ മാംസത്തിനായി രണ്ട് തായ്ലന്റുകാർ നടത്തിയ
കൊലപാതകം ഞാൻ എന്റേതായ രീതിയിൽ
ഒന്ന് എഴുതാൻ ശ്രമിച്ചു)
By........RemyaRajesh

No comments:

Post a Comment