Friday, 25 November 2016

Sreejith Sreeju

എന്റെ അച്ഛൻ
ഓർമ്മകൾക്കെന്നുമുണർവ് നൽകുന്നോരു
സ്നേഹവാത്സല്യമാണെന്റെ അച്ഛൻ.
വാക്കാൽ വർണ്ണിക്കുവാനാകാത്ത സ്നേഹത്തിൻ
നോവായലിയുമീ എന്റെ അച്ഛൻ.
പണ്ട് കളിയായിട്ടച്ഛൻ ചൊല്ലീടുമൊരുനാൾ
മരിച്ചു ഞാൻ മണ്ണിലലിഞ്ഞിടുമ്പോൾ
ബലിച്ചോറു നൽകണമെനിക്കുണ്ണുവാനല്ല
ഒരു ദിനമെങ്കിലും കാക്കകൾ നല്ല ചോറുണ്ടീടട്ടെ.
അച്ഛനോടുപമിക്കാൻ എന്തെന്നു ചിന്തിക്കവേ
അമ്മതൻ പുഞ്ചിരി മാത്രമെന്നറിവു ഞാൻ
ബാല്യത്തിൻ മാധുര്യം ആവോളം പകർന്നച്ഛൻ
മരണത്തിൻ കൈ പിടിച്ചെങ്ങോ മറഞ്ഞു പോയ്.
കുട്ടികൾക്കെല്ലാം കളിത്തോഴനാമച്ഛൻ
മുതിർന്നവർക്കിടയിലോ കാർക്കശ്യക്കാരനും.
നാട്ടുവഴിയിലൂടച്ഛൻ നടക്കുമ്പോൾ
നാൽക്കാലികൾ പോലും സ്നേഹത്താൽ വിളിച്ചീടും
ചൂണ്ടക്കൊളുത്തിൽ പിടയുന്ന മീനിന്റെ
വേദന ചൊല്ലിപ്പഠിപ്പിച്ചതുമച്ഛൻ
വിശക്കുന്ന വയറിനു അന്നമേകുന്നതിൽപ്പരം
പുണ്യം മറ്റൊന്നില്ലയീ മണ്ണിലെന്നുള്ളതും
മിഠായി കിട്ടിയാൽ ഉള്ളതിൽ ഒരു പാതി
കൂട്ടത്തിലുള്ളവർക്കേകണമെന്നും പഠിപ്പിച്ചു.
വേനലിൻ ചൂടേറ്റു ഉറങ്ങാതുഷ്ണിച്ചീടുമ്പോൾ
വീശറിയായ് മാറീടുമെന്നച്ഛനെന്നും.
ഇടവപ്പാതിക്ക് മുന്നേ പുരമേയാൻ
നെട്ടോട്ടമോടാറുണ്ടെന്റെയച്ഛൻ.
ചുണ്ടിലെരിയുന്ന ബീഡിപ്പിശാചുക്കൾ
അച്ഛനെ ഞങ്ങളിൽ നിന്നടർത്തി മാറ്റി.
ബീഡിപ്പുകയുടെ ഗന്ധമാണച്ഛന്റെ
ഹൃദയ താളങ്ങൾക്കും ഓർമ്മകൾക്കും.
ഓർമ്മകൾക്കെന്നുമുണർവ് നൽകുന്നോരു
സ്നേഹവാത്സല്യമാണെന്റെ അച്ഛൻ.
വാക്കാൽ വർണ്ണിക്കുവാനാകാത്ത സ്നേഹത്തിൻ
നോവായലിയുമീ എന്റെ അച്ഛൻ.
ശ്രീജിത്ത് ജിത്തു.

No comments:

Post a Comment